Followers

Saturday, November 3, 2012

ഹിമാലയം





For our pain and poverty
We want to be rewarded by the best which
An over-generous earth can offer
                -Jaroslav Seifert

കയ്യില്‍ പണമില്ലാതെ ഹിമാലയത്തിലേക്ക് സഞ്ചരിക്കണം.സമയനിഷ്ഠ ഉണ്ടാകരുത്.യാത്രാവിവരണം എഴുതാനുള്ള ഉദ്ദേശം പാടെ ഉപേക്ഷിക്കണം.ക്യാമറ പാടില്ല.തിരിച്ചുവരണമെന്നുള്ള ആഗ്രഹം വേരോടെ പറിചെറിയണം.ടൂറിസ്റ്റിന്റെ മനോഭാവം അടിയോടെ അഴിഞ്ഞു പോകും.ആപല്കരമല്ലേ എന്ന് ചോദിക്കാം .സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകില്ലേ എന്നാരായാം .ഒന്നുമില്ല.എന്തെങ്കിലുമുണ്ടായാല്‍ തന്നെ ഒന്നുമില്ല.രോഗം വന്നാലും ഒന്നുമില്ല.അതതിന്റെ വഴിക്കുപോകും.ആരോടും കൂട്ടുകൂടാം.എവിടെയും കിടക്കാം.കിട്ടുന്നത് കഴിക്കാം.സസന്തോഷം ഭിക്ഷ യാചിക്കാം .ചിലര്‍ തരും .ചിലര്‍ ആട്ടിയോടിക്കും.നിസ്സംഗത ആനന്ദമാകും.

രാത്രിയില്‍ നരേന്ദ്ര നഗറില്‍ ചെന്ന് നില്‍ക്കാം.ദൂരെ, കണ്ണടച്ചുതുറക്കുന്ന ഋഷികേശ് .ഓരോ കണ്ണും ഓരോ  ആകാശമാകുന്നത് കാണാം .ഹനുമാന്‍ ഗംഗയിലെ പാലത്തിനരികില്‍ അടുത്ത യാത്രക്ക് ഒരുങ്ങിനില്‍ക്കുന്ന തളര്‍ന്ന കുതിരകളോടും കഴുതകളോടും സ്നേഹം തോന്നും.കുതിരച്ചാണകത്തേയും മൂത്രത്തേയും പറ്റി പരാതി പറയില്ല.സൂര്യകുണ്ടക്കടവിലെ  ഭാഗീരഥിയില്‍ മുങ്ങാം .ജടാധാരികളായ മനുഷ്യരൂപങ്ങള്‍ വച്ച് നീട്ടുന്ന നീളന്‍ പുകക്കുഴലില്‍ നിന്ന് വേണമെങ്കില്‍ കഞ്ചാവ് വലിക്കാം.ഭിക്ഷ യാചിച്ചു കിട്ടിയ ചില്ലറ നാണയത്തുട്ടുകള്‍ പെറുക്കിക്കൊടുത്ത് ദേവ്ഘട്ടയിലെ കൂടാരക്കടകളില്‍ നിന്ന് ചുടുചായ വാങ്ങാം.മഞ്ഞു രാത്രിയില്‍ മെല്ലെ മൊത്തിക്കുടിക്കാം.ലക്ഷ്മണ്‍ ത്ധൂലയിലെ പാലത്തിന് അനേകമടി താഴെ ,അങ്ങഗാധതയില്‍ കൂലം കുത്തിയൊഴുകുന്ന ഗംഗയുടെ വിദൂര താണ്ഡവത്തിന് ഭയരഹിതമായി ചെവിയോര്‍ക്കാം.ചൊപ്തയില്‍ നിന്നും തുംഗനാഥി ലേക്കുള്ള നെഞ്ചിടിപ്പിക്കുന്ന കയറ്റം,വീശിയടിക്കുന്ന ഹിമക്കാറ്റില്‍ തൂവല്‍ പോലെ പറന്നു കയറാം. ഓര്‍ക്കാപ്പുറത്ത്
ഓടിവന്നു കെട്ടിപ്പിടിക്കുന്ന മേഘങ്ങള്‍ക്കിടയില്‍ ഒരു ഒരുനിമിഷം മണ്ണില്‍ തൊട്ട് സ്വര്‍ഗ്ഗത് വിരിയുന്ന പൂക്കളാകാം.കൊടും മഞ്ഞില്‍ പണിയെടുക്കുന്ന കരിങ്കല്‍ തൊഴിലാളികള്‍ക്കൊപ്പം കൂടാം .കൂടിയാടാം.

മന്ദാകിനീതീരത്തു നിന്ന് മേലെക്കുള്ള യാത്രയില്‍ അകലെ ,കേദാരശിഖരം .രംബാരയില്‍ നിന്ന് ഗരുടന്ച്ചട്ടി ഗ്രാമത്തിലേക്കു കടക്കുമ്പോള്‍ വീണ്ടും കേദാരശിഖരം.തില്വാരയിലെ കുന്നിന്മുകളില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു കേദാരശിഖരം.പലയാംഗിളില്‍ ,പലമട്ടില്‍ ഒരേ കേദാരശിഖരത്തെ ചലച്ചിത്ര ഭാഷയില്‍ പിടിച്ചെടുക്കാം.നാഹേന്ദ്ര സിംഗ് നേഗിയുടെ പാട്ടില്‍ നിന്നും അഴിഞ്ഞിറങ്ങി ,ഭൂമിയില്‍ ഉലഞ്ഞു പോകുന്ന ഗഡ്വാളി പെണ്‍കുട്ടികളെ നോക്കി നില്‍ക്കാം.ഗോമുഖിലെ  ഹിമപര്‍വതത്തെ സ്പര്‍ശിച്ച്  മനുഷ്യേതിഹാസങ്ങളാകാം.ഇളം പച്ച നിറമുള്ള ഗുഹയില്‍ നിന്ന് പാഞ്ഞു വരുന്ന നദിയില്‍ അവശേഷിക്കുന്ന തിക്ത ബോധങ്ങള്‍  ഒഴുക്കി വിടാം.

ഹിമാലയം ഹിമലഹരിയാകുംപോള്‍ വഴികള്‍ സഞ്ചാരിയെ തകര്‍ത്തുതരിപ്പണമാക്കും.ഉയിര്‍ത്തെഴുന്നേല്പ്പിക്കും.എല്ലാ വഴിയും വഴിയാകും.അവിടെ നിന്ന് എവിടേക്കും പോകാം.എതെന്‍സിലേക്കും യെരുശലേമിലേക്കും പോകാം.മക്കയിലേക്കും മദീനയിലേക്കും പോകാം .റോമിലേക്കും പാരീസിലേക്കും പോകാം. പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളിലേക്കും.     ‍





1 comment:

  1. Simply marvelous.I have never been to north India.Your note gives me an impetus to visit the place. Thanks

    ReplyDelete