Followers

Friday, November 2, 2012

യാത്രയ്ക്കിടയില്‍





'ചടുലലതകളാടിടാതെ ചാഞ്ഞാ
വിടപികള്‍മലനുമൂര്‍ച്ഛയാര്‍ന്നു നിന്നു
അടവിയധികമൌനമാര്‍ന്നു മേളം
ത്ഡടിതി നിറുത്തിയ രംഗഭൂമിപോലെ'
-കുമാരനാശാന്‍ (ലീല)              

ഒഴുകുന്ന കാവേരി. ഒഴുകുന്ന പകല്‍.ഒഴുകുന്ന രാത്രി. ജലത്തിനകത്ത് ചിറകടിക്കുന്ന മേഘങ്ങള്‍. പറക്കുന്ന നക്ഷത്രങ്ങള്‍.

നീളുന്ന പാത. പാതയോരത്ത് പുളിമരനിരകള്‍. വീണടിഞ്ഞ മഞ്ഞപ്പുളിയിലകള്‍. വെയില്‍തണുപ്പ്. കാറ്റലത്തെല്ലുകള്‍ .  ദൂരെ,ബൃഹദീശ്വരക്ഷേത്രം. ഒറ്റക്കല്ലില്‍ തീര്‍ത്ത ക്ഷേത്രമകുടം. പാലം കടക്കുമ്പോള്‍ ക്ഷേത്ര പരിസരം. എല്ലാം വില്‍ക്കുന്നവര്‍. ജമന്തി. കനകാംബരം. ആള്‍രൂപങ്ങള്‍. ക്ഷേത്രം അടുത്തടുത്തു വരുന്നു. വില്‍പ്പനക്കാരുടെ എണ്ണം പെരുകുന്നു. കൈനീട്ടുന്ന വികലാംഗര്‍ . വൃദ്ധന്‍മാര്‍. ഗര്‍ഭിണികള്‍.  ഓരോ ബസും കടന്നുപോകുമ്പോള്‍ അവരുടെ തല  കുനിയുന്നു. ബൃഹദീശ്വരന്‍ പ്രസാദിക്കാത്ത പ്രജപരമ്പരകള്‍.  പണിയാളകുലങ്ങള്‍. വെട്ടിത്തിരുത്തിയിട്ടും തെറ്റിപ്പോകുന്നവര്‍.

കരിങ്കല്ലില്‍ കരുമാരിയമ്മന്‍ . കടഞ്ഞുയര്‍ന്ന വിഗ്രഹം.അഴകെഴുന്ന മിഴിവ്. ഭ്രാന്തനെന്നു തോന്നിക്കുന്ന ഒരാള്‍ കരുമാരിയമ്മനെ കാറിത്തുപ്പുന്നു .  കളഭവും കുംകുമക്കൂട്ടും നിറഞ്ഞ കരുമാരിയമ്മന്‍റെ നെഞ്ചില്‍ തെറിച്ചു വീഴുന്ന കഫക്കട്ടകള്‍ . പൊടുന്നനെ ,എവിടെനിന്നോ കുറെയാളുകള്‍ ഓടിക്കൂടുന്നു. ഭ്രാന്തില്ലെന്നു കരുത്തുന്നവര്‍ . അവര്‍ ഭ്രാന്തുണ്ടെന്നു തോന്നിക്കുന്നയാളെ അടിച്ചവശനാക്കി വലിച്ചിഴച്ചുകൊണ്ടുപോയി. മൂകും മുഖവും മുറിഞ്ഞൊഴുകിയ ചോര. അകന്നില്ലാതെയായ നിലവിളി.  ചിലപ്പോള്‍ ഭക്തിയുടെ ലോകം   വേദനകള്‍ നിറയ്ക്കും. കാഴ്ചകള്‍ ബീഭല്‍സമാക്കും.            

ബസ്,തഞ്ചാവൂര്‍ ക്റോസ്സ് റോഡിലേക്കു തിരിഞ്ഞ് പാര്‍കിംഗ് ലോഞ്ചില്‍ ചെന്നു നില്ക്കുന്നു. കറുക്കുന്ന ആകാശം. ഇരുളുന്ന യാത്രമുഖം. ബസില്‍ നിന്നു പുറത്തുകടക്കുമ്പോള്‍ ,മുന്നില്‍ ,സകല സന്നാഹങ്ങളോടെയും ബൃഹദീശ്വര ക്ഷേത്രം . ചെത്തമുള്ള ചോളശില്‍പ്പങ്ങള്‍ .ചോഴമന്നന്‍ മൂടിവെടുത്തു മുടിച്ച കോവില്‍ വടിവുകള്‍. ചെന്തമിഴ്ചന്തം ചെത്തിയൊരുക്കിയ പ്രാകാരങ്ങള്‍. പെട്ടെന്ന്,ആകാശം ഇടിച്ചുപൊളിച്ച് പെരുമഴ പെയ്തിറങ്ങുന്നു. ക്ഷേത്രഗോപുരത്തില്‍ നിന്നും പ്രാവുകള്‍ മഴയില്‍ അഴിഞ്ഞലഞ്ഞു. മഴ നനയുന്ന എണ്ണമറ്റ  യാചകര്‍. ബസില്‍ നിന്നിറങ്ങിയ ദൈവങ്ങളെ അവര്‍ പൊതിയുന്നു.മഴയില്‍ മുങ്ങിപ്പോകുന്ന അവരുടെ ദീനശബ്ദങ്ങള്‍ . വിദൂരതയില്‍ ,കാവേരിക്കരയില്‍ കരിംപനകള്‍ ഇളകിയാടുന്നു. കല്‍മണ്ഡപങ്ങള്‍ തണുത്തുവിറക്കുന്നു.  

ബൃഹദീശ്വരനോടു പറയാന്‍ ഒന്നുമില്ല. പ്രാത്ഥിക്കാന്‍ ഏതുമില്ല. ഭക്തനല്ലാത്ത യാത്രികന്‍. മതപരമായ ആത്മീയതയെ ഉപേക്ഷിച്ചവന്‍. അയാള്‍ ക്ഷേത്രങ്ങളെ കലാഗ്രന്ഥങ്ങളായിമാത്രം വായിക്കുന്നു. ചരിത്രപുസ്തകമാക്കുന്നു. മടക്കയാത്രയിലും മഴ തോരുന്നില്ല. രാത്രി വന്നു. രാത്രി പോയി. കിലോമീറ്ററുകള്‍ താണ്ടി ബസ്  ഓടികൊണ്ടിരുന്നു. യാത്ര നാളെ അവസാനിക്കും. ഒരു യാത്രയും യാത്രയല്ല.കാണാത്ത ദൂരങ്ങളെക്കുറിച്ചുള്ള ഓര്മ്മപ്പെടുത്തലാണ്.യാത്ര ചെയ്യുന്നു.ദൂരം കൂടുന്നു.ദൂരങ്ങള്‍ക്കപ്പുറത്തുനിന്നും ആകാശങ്ങളെ കൊത്തിയെടുത്ത് പറന്നു വരുന്ന ദേശാടനപ്പക്ഷികള്‍ . ഒരു യാത്രയില്‍ തുടങ്ങി മറ്റൊരു യാത്രയിലേക്ക് മോഹിപ്പിക്കുന്നവര്‍. പൊഴിച്ചിടുന്ന തൂവലുകകള്‍ കൊണ്ട് ഭൂമിയുടെ പുസ്തകത്തില്‍ അവര്‍ ഒപ്പുവെക്കുന്നു.

മഹാബലിപുരം ലക്ഷ്യമാക്കിയാണ് ബസ് പായുന്നത്. നേരം പുലരുമ്പോള്‍ മഹാബലിപുരത്തെത്തും . കടല്‍ത്തീരക്ഷേത്രങ്ങള്‍ മഴനനഞ്ഞു നില്‍ക്കുന്നുണ്ടാകും. ഇരുട്ടില്‍ ഓടിമറയുന്ന കെട്ടിടങ്ങള്‍ . വൃക്ഷങ്ങള്‍. യാത്ര പറഞ്ഞതെല്ലാം കൂടെ വരുന്നുണ്ട്. ഉപേക്ഷിച്ചിട്ടും ഉള്ളില്‍ കാവേരി ഒഴുകുന്നുണ്ട്.വീണ്ടും മഴ കനക്കുന്നു. ഓടുന്ന ബസില്‍ പ്രതിവിധികളില്ലാതെ ഒറ്റപ്പെടുന്നു. മഴത്തുള്ളികള്‍ ഒഴുകിയിറങ്ങി ബസിന്റെ ചില്ലുജാലകങ്ങള്‍ കീറിപ്പറിയുന്നു.

No comments:

Post a Comment