Followers

Friday, November 2, 2012

ഹംപിയിലെ എപ്പിസോഡുകള്‍




Traveling is almost like talking with men of other centuries.
__________________________________Rene Descartes


ചിക്കമംഗലൂര്‍  -  ഷിമോഗ  -  കാര്‍ഗാല്‍  -  ഗരസപ്പ  -  തലഗുപ്പ  - ഹരപ്പനഹള്ളി  - ഹോസ്പറ്റ്  .   ഹോസ്പറ്റില്‍  നിന്നും പത്തുപതിനാലു  കിലോമീറ്റര്‍  .  ഹമ്പിയിലെത്താം.

ഇടയ്ക്ക്  ,  എപ്പോഴോ  കണ്ടിരുന്നു   ,   തുംഗഭദ്രയിലെ ജലസംഭരണി   .   ജലവിശാലതയില്‍ നിന്നും വീശിയകാറ്റില്‍ നേരിയ തണുപ്പ് കൂടെ വന്നു   ,  കുറച്ചു  ദൂരം  .

അതിനും മുന്പ്  ,  കടന്നു പോന്നിരുന്നു   ,  നാരകമരങ്ങള്‍  .  മുത്താറിക്കൂട്ടങ്ങള്‍   .  കരിമ്പിന്‍ തോട്ടങ്ങള്‍  .  നിലക്കടലച്ചെടികള്‍   .   കാപ്പിപ്പൂക്കള്‍   .   നീര്‍ച്ചാലുകള്‍   .    പക്ഷിച്ചിറകടികള്‍  .  കുന്നുകള്‍   .   താഴ്വരകള്‍  .  മഴമേഘങ്ങള്‍   .   മൂടല്‍മഞ്ഞ് .

പിന്നിട്ടുകഴിഞ്ഞും പിന്തുടരുന്നു   ,   കാല്‍വിരലുകളില്‍ മിഞ്ചിയിട്ട സ്ത്രീകള്‍   .   മൂക്കുത്തിയിട്ട  യുവതികള്‍   .   ജമന്തിപ്പൂ ചൂടിയ പെണ്‍കുട്ടികള്‍    .   കോണകമുടുത്ത ആണുങ്ങള്‍    .    ഒലിച്ചുവീണ മീശയുള്ള യുവാക്കള്‍   .   പേരും പെരുമയുമില്ലാത്തവര്   .   പൊടിയണിഞ്ഞവര്‍   .   ആകെ മുഷിഞ്ഞവര്‍  .  പാടേ പൊലിഞ്ഞു പോകുന്നവര്‍.

ഇപ്പോഴും  ഒപ്പം വരുന്നു  ,   ബേലൂരിലെ  ചെന്നകേശവക്ഷേത്രച്ചുമരുകളില്‍ നിന്നും ഇതിഹാസകഥാപാത്രങ്ങള്‍    .   കടുകെണ്ണമണമുള്ള കര്‍ണ്ണാടകത്തിന്റെ കറുത്ത കണ്ണുകള്‍   .    കരിംപച്ചക്കാടുകള്‍  .   കാതല്‍മേടുകള്‍  .

ഹോസ്പറ്റില്‍ നിന്നും ഓട്ടോയിലും ബസ്സിലും നേരിട്ട് ഹമ്പിയിലെത്താം   .   വേണ്ടെന്നു വെച്ചു .  ആളുകളെ വിളിച്ചു കയറ്റുന്ന വാടകവാന്‍   .    ഓടിക്കയറി   .   കമലാപുരത്ത്തിറങ്ങി   .   കമലാപുരത്തുനിന്നും ഒരു കിലോമീറ്റര്‍    .   നാട്ടുവഴി   .    ഊടുവഴി   .പതുക്കെപ്പോയി   .    ഒട്ടും തിരക്കില്ല   .   ഹംപിയിലെത്തി   .

നോക്കെത്താവിസ്തൃതി   .   തീരാത്ത ചരിത്രാവശിഷ്ടങ്ങള്‍   .   അലഞ്ഞു നടന്നു   .   നടക്കുമ്പോളോര്‍ത്തു    .   അകലെ മാഞ്ഞ അരങ്ങുകള്‍  .  പ്രധാന വേഷങ്ങളില്‍  വന്നുപോയവര്‍   .  കൃഷ്ണദേവരായര്‍ - രാമരായന്‍  - ജഗമോഹിനി - ബീജാപൂരിലെയും  ഗോല്‍ക്കൊണ്ടയിലെയും സുല്‍ത്താന്മാര്‍  .   അരങ്ങില്‍ അവര്‍ വന്നു നിന്നപ്പോള്‍  ആര്ത്തുവിളിച്ച പ്രജകള്‍  .  അവരുടെ കല്പനകള്‍ കേട്ടു കോരിത്തരിച്ച് കരഘോഷം മുഴക്കിയവര്‍   .   എന്നോ വീണ തിരശ്ശീല   .  ബാക്കിവന്ന ഹംപി     .  

കെട്ടുപോയ ക്ഷേത്രങ്ങള്‍   .   പട്ടാഭിരാമക്ഷേത്രം -  വിട്ടലക്ഷേത്രം - വിരൂപാക്ഷക്ഷേത്രം - ഹസാരാരാമക്ഷേത്രം  .    അനാഥമായ സ്മാരകശിലകള്‍   .    ഉപേക്ഷിക്കപ്പെട്ട ഗജശാലകള്‍   .   ഇടിഞ്ഞടിഞ്ഞുകിടക്കുന്ന കേളികേട്ട വിജയചിഹ്നങ്ങള്‍  .  ചിതറിത്തെറിച്ച വെട്ടിപ്പിടുത്തത്ത്തിന്റെ  ഓര്‍മ്മകള്‍   .   ഉടഞ്ഞുപൊടിഞ്ഞ ചോരപുരണ്ട എടുപ്പുകകള്‍  .  തകര്‍ന്നു വീണ പ്രതാപങ്ങള്‍   .   പൊട്ടിപ്പൊളിഞ്ഞ കൊട്ടാരക്കെട്ടുകള്‍   .    മേഞ്ഞുനടക്കുന്ന യാചകര്‍  .  വാനരന്മാര്‍  .   ആട്ടിന്‍കുട്ടികള്‍   .   നിശ്ശൂന്യമായ കല്കൂനകളുടെ മറവുകളില്‍ കഞ്ചാവു പുകയ്ക്കുന്നവര്‍     .    കാര്ന്നെടുക്കപ്പെട്ടതിനെ കാര്ന്നെടുക്കാന്‍ ഓടിക്കൂടുന്നവരെപ്പോലെ സഞ്ചാരികള്‍.

ഹംപിയിലെ തീരാനിമിഷങ്ങള്‍ തോരാതെ മന്ത്രിക്കുന്നു :   യുദ്ധം . അധികാരം .  ഭരണകൂടം  -  അശ്ളീലം  നിറഞ്ഞ ഒരേ എപ്പിക്കിലെ പല എപിസോഡുകള്‍   .   ഹംപിയിലെ ഓരോ നിശ്വാസവും നിശബ്ദം മൊഴിയുന്നു :   പ്രശസ്തി .  സമ്പത്ത്  .സ്ഥാനമാനങ്ങള്‍  - അര്‍ത്ഥമില്ലാത്ത പടവുകള്‍ . മടങ്ങുമ്പോള്‍  ,  തുംഗഭദ്രയിലെ ഒഴുകുന്നകാലം ഒരു കഥ പങ്കുവെച്ചു :  ഒരിക്കല്‍ ഒരു കോമാളി ഹംപിയിലെത്തി  .  അര്‍ത്ഥമില്ലായ്മകള്‍ക്ക്  അര്‍ത്ഥമുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ച ഒരാള്‍   .   ഹംപി കണ്ടെന്നു നിനച്ച് , ഹംപിയെക്കുറിച്ചെഴുതി അഹങ്കരിച്ച ഒരാള്‍   .  ഹേമകൂടാദ്രിയിലെ അതിരില്ലാത്ത നീലാകാശം  അയാളുടെ കാതില്‍ ആരും കേള്‍ക്കാതെ പറഞ്ഞു : ഹംപി കണ്ടവരെല്ലാം ഹംപി കാണുന്നില്ല. 




1 comment:

  1. please include picture also with your good narrations
    sabu
    ആശംസകള്‍ നേരുന്നു
    a travel towards NATURE-പ്രകൃതിയിലേക്ക് ഒരു യാത്ര kerala nature
    http://travelviews14.blogspot.in/…/meenuliyan-para-near-tho… shortcut to nature
    http://www.travelviewsonline.blogspot.in//

    ReplyDelete