Followers

Saturday, November 3, 2012

ഹിമാലയം





For our pain and poverty
We want to be rewarded by the best which
An over-generous earth can offer
                -Jaroslav Seifert

കയ്യില്‍ പണമില്ലാതെ ഹിമാലയത്തിലേക്ക് സഞ്ചരിക്കണം.സമയനിഷ്ഠ ഉണ്ടാകരുത്.യാത്രാവിവരണം എഴുതാനുള്ള ഉദ്ദേശം പാടെ ഉപേക്ഷിക്കണം.ക്യാമറ പാടില്ല.തിരിച്ചുവരണമെന്നുള്ള ആഗ്രഹം വേരോടെ പറിചെറിയണം.ടൂറിസ്റ്റിന്റെ മനോഭാവം അടിയോടെ അഴിഞ്ഞു പോകും.ആപല്കരമല്ലേ എന്ന് ചോദിക്കാം .സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകില്ലേ എന്നാരായാം .ഒന്നുമില്ല.എന്തെങ്കിലുമുണ്ടായാല്‍ തന്നെ ഒന്നുമില്ല.രോഗം വന്നാലും ഒന്നുമില്ല.അതതിന്റെ വഴിക്കുപോകും.ആരോടും കൂട്ടുകൂടാം.എവിടെയും കിടക്കാം.കിട്ടുന്നത് കഴിക്കാം.സസന്തോഷം ഭിക്ഷ യാചിക്കാം .ചിലര്‍ തരും .ചിലര്‍ ആട്ടിയോടിക്കും.നിസ്സംഗത ആനന്ദമാകും.

രാത്രിയില്‍ നരേന്ദ്ര നഗറില്‍ ചെന്ന് നില്‍ക്കാം.ദൂരെ, കണ്ണടച്ചുതുറക്കുന്ന ഋഷികേശ് .ഓരോ കണ്ണും ഓരോ  ആകാശമാകുന്നത് കാണാം .ഹനുമാന്‍ ഗംഗയിലെ പാലത്തിനരികില്‍ അടുത്ത യാത്രക്ക് ഒരുങ്ങിനില്‍ക്കുന്ന തളര്‍ന്ന കുതിരകളോടും കഴുതകളോടും സ്നേഹം തോന്നും.കുതിരച്ചാണകത്തേയും മൂത്രത്തേയും പറ്റി പരാതി പറയില്ല.സൂര്യകുണ്ടക്കടവിലെ  ഭാഗീരഥിയില്‍ മുങ്ങാം .ജടാധാരികളായ മനുഷ്യരൂപങ്ങള്‍ വച്ച് നീട്ടുന്ന നീളന്‍ പുകക്കുഴലില്‍ നിന്ന് വേണമെങ്കില്‍ കഞ്ചാവ് വലിക്കാം.ഭിക്ഷ യാചിച്ചു കിട്ടിയ ചില്ലറ നാണയത്തുട്ടുകള്‍ പെറുക്കിക്കൊടുത്ത് ദേവ്ഘട്ടയിലെ കൂടാരക്കടകളില്‍ നിന്ന് ചുടുചായ വാങ്ങാം.മഞ്ഞു രാത്രിയില്‍ മെല്ലെ മൊത്തിക്കുടിക്കാം.ലക്ഷ്മണ്‍ ത്ധൂലയിലെ പാലത്തിന് അനേകമടി താഴെ ,അങ്ങഗാധതയില്‍ കൂലം കുത്തിയൊഴുകുന്ന ഗംഗയുടെ വിദൂര താണ്ഡവത്തിന് ഭയരഹിതമായി ചെവിയോര്‍ക്കാം.ചൊപ്തയില്‍ നിന്നും തുംഗനാഥി ലേക്കുള്ള നെഞ്ചിടിപ്പിക്കുന്ന കയറ്റം,വീശിയടിക്കുന്ന ഹിമക്കാറ്റില്‍ തൂവല്‍ പോലെ പറന്നു കയറാം. ഓര്‍ക്കാപ്പുറത്ത്
ഓടിവന്നു കെട്ടിപ്പിടിക്കുന്ന മേഘങ്ങള്‍ക്കിടയില്‍ ഒരു ഒരുനിമിഷം മണ്ണില്‍ തൊട്ട് സ്വര്‍ഗ്ഗത് വിരിയുന്ന പൂക്കളാകാം.കൊടും മഞ്ഞില്‍ പണിയെടുക്കുന്ന കരിങ്കല്‍ തൊഴിലാളികള്‍ക്കൊപ്പം കൂടാം .കൂടിയാടാം.

മന്ദാകിനീതീരത്തു നിന്ന് മേലെക്കുള്ള യാത്രയില്‍ അകലെ ,കേദാരശിഖരം .രംബാരയില്‍ നിന്ന് ഗരുടന്ച്ചട്ടി ഗ്രാമത്തിലേക്കു കടക്കുമ്പോള്‍ വീണ്ടും കേദാരശിഖരം.തില്വാരയിലെ കുന്നിന്മുകളില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു കേദാരശിഖരം.പലയാംഗിളില്‍ ,പലമട്ടില്‍ ഒരേ കേദാരശിഖരത്തെ ചലച്ചിത്ര ഭാഷയില്‍ പിടിച്ചെടുക്കാം.നാഹേന്ദ്ര സിംഗ് നേഗിയുടെ പാട്ടില്‍ നിന്നും അഴിഞ്ഞിറങ്ങി ,ഭൂമിയില്‍ ഉലഞ്ഞു പോകുന്ന ഗഡ്വാളി പെണ്‍കുട്ടികളെ നോക്കി നില്‍ക്കാം.ഗോമുഖിലെ  ഹിമപര്‍വതത്തെ സ്പര്‍ശിച്ച്  മനുഷ്യേതിഹാസങ്ങളാകാം.ഇളം പച്ച നിറമുള്ള ഗുഹയില്‍ നിന്ന് പാഞ്ഞു വരുന്ന നദിയില്‍ അവശേഷിക്കുന്ന തിക്ത ബോധങ്ങള്‍  ഒഴുക്കി വിടാം.

ഹിമാലയം ഹിമലഹരിയാകുംപോള്‍ വഴികള്‍ സഞ്ചാരിയെ തകര്‍ത്തുതരിപ്പണമാക്കും.ഉയിര്‍ത്തെഴുന്നേല്പ്പിക്കും.എല്ലാ വഴിയും വഴിയാകും.അവിടെ നിന്ന് എവിടേക്കും പോകാം.എതെന്‍സിലേക്കും യെരുശലേമിലേക്കും പോകാം.മക്കയിലേക്കും മദീനയിലേക്കും പോകാം .റോമിലേക്കും പാരീസിലേക്കും പോകാം. പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളിലേക്കും.     ‍





Friday, November 2, 2012

യാത്രയ്ക്കിടയില്‍





'ചടുലലതകളാടിടാതെ ചാഞ്ഞാ
വിടപികള്‍മലനുമൂര്‍ച്ഛയാര്‍ന്നു നിന്നു
അടവിയധികമൌനമാര്‍ന്നു മേളം
ത്ഡടിതി നിറുത്തിയ രംഗഭൂമിപോലെ'
-കുമാരനാശാന്‍ (ലീല)              

ഒഴുകുന്ന കാവേരി. ഒഴുകുന്ന പകല്‍.ഒഴുകുന്ന രാത്രി. ജലത്തിനകത്ത് ചിറകടിക്കുന്ന മേഘങ്ങള്‍. പറക്കുന്ന നക്ഷത്രങ്ങള്‍.

നീളുന്ന പാത. പാതയോരത്ത് പുളിമരനിരകള്‍. വീണടിഞ്ഞ മഞ്ഞപ്പുളിയിലകള്‍. വെയില്‍തണുപ്പ്. കാറ്റലത്തെല്ലുകള്‍ .  ദൂരെ,ബൃഹദീശ്വരക്ഷേത്രം. ഒറ്റക്കല്ലില്‍ തീര്‍ത്ത ക്ഷേത്രമകുടം. പാലം കടക്കുമ്പോള്‍ ക്ഷേത്ര പരിസരം. എല്ലാം വില്‍ക്കുന്നവര്‍. ജമന്തി. കനകാംബരം. ആള്‍രൂപങ്ങള്‍. ക്ഷേത്രം അടുത്തടുത്തു വരുന്നു. വില്‍പ്പനക്കാരുടെ എണ്ണം പെരുകുന്നു. കൈനീട്ടുന്ന വികലാംഗര്‍ . വൃദ്ധന്‍മാര്‍. ഗര്‍ഭിണികള്‍.  ഓരോ ബസും കടന്നുപോകുമ്പോള്‍ അവരുടെ തല  കുനിയുന്നു. ബൃഹദീശ്വരന്‍ പ്രസാദിക്കാത്ത പ്രജപരമ്പരകള്‍.  പണിയാളകുലങ്ങള്‍. വെട്ടിത്തിരുത്തിയിട്ടും തെറ്റിപ്പോകുന്നവര്‍.

കരിങ്കല്ലില്‍ കരുമാരിയമ്മന്‍ . കടഞ്ഞുയര്‍ന്ന വിഗ്രഹം.അഴകെഴുന്ന മിഴിവ്. ഭ്രാന്തനെന്നു തോന്നിക്കുന്ന ഒരാള്‍ കരുമാരിയമ്മനെ കാറിത്തുപ്പുന്നു .  കളഭവും കുംകുമക്കൂട്ടും നിറഞ്ഞ കരുമാരിയമ്മന്‍റെ നെഞ്ചില്‍ തെറിച്ചു വീഴുന്ന കഫക്കട്ടകള്‍ . പൊടുന്നനെ ,എവിടെനിന്നോ കുറെയാളുകള്‍ ഓടിക്കൂടുന്നു. ഭ്രാന്തില്ലെന്നു കരുത്തുന്നവര്‍ . അവര്‍ ഭ്രാന്തുണ്ടെന്നു തോന്നിക്കുന്നയാളെ അടിച്ചവശനാക്കി വലിച്ചിഴച്ചുകൊണ്ടുപോയി. മൂകും മുഖവും മുറിഞ്ഞൊഴുകിയ ചോര. അകന്നില്ലാതെയായ നിലവിളി.  ചിലപ്പോള്‍ ഭക്തിയുടെ ലോകം   വേദനകള്‍ നിറയ്ക്കും. കാഴ്ചകള്‍ ബീഭല്‍സമാക്കും.            

ബസ്,തഞ്ചാവൂര്‍ ക്റോസ്സ് റോഡിലേക്കു തിരിഞ്ഞ് പാര്‍കിംഗ് ലോഞ്ചില്‍ ചെന്നു നില്ക്കുന്നു. കറുക്കുന്ന ആകാശം. ഇരുളുന്ന യാത്രമുഖം. ബസില്‍ നിന്നു പുറത്തുകടക്കുമ്പോള്‍ ,മുന്നില്‍ ,സകല സന്നാഹങ്ങളോടെയും ബൃഹദീശ്വര ക്ഷേത്രം . ചെത്തമുള്ള ചോളശില്‍പ്പങ്ങള്‍ .ചോഴമന്നന്‍ മൂടിവെടുത്തു മുടിച്ച കോവില്‍ വടിവുകള്‍. ചെന്തമിഴ്ചന്തം ചെത്തിയൊരുക്കിയ പ്രാകാരങ്ങള്‍. പെട്ടെന്ന്,ആകാശം ഇടിച്ചുപൊളിച്ച് പെരുമഴ പെയ്തിറങ്ങുന്നു. ക്ഷേത്രഗോപുരത്തില്‍ നിന്നും പ്രാവുകള്‍ മഴയില്‍ അഴിഞ്ഞലഞ്ഞു. മഴ നനയുന്ന എണ്ണമറ്റ  യാചകര്‍. ബസില്‍ നിന്നിറങ്ങിയ ദൈവങ്ങളെ അവര്‍ പൊതിയുന്നു.മഴയില്‍ മുങ്ങിപ്പോകുന്ന അവരുടെ ദീനശബ്ദങ്ങള്‍ . വിദൂരതയില്‍ ,കാവേരിക്കരയില്‍ കരിംപനകള്‍ ഇളകിയാടുന്നു. കല്‍മണ്ഡപങ്ങള്‍ തണുത്തുവിറക്കുന്നു.  

ബൃഹദീശ്വരനോടു പറയാന്‍ ഒന്നുമില്ല. പ്രാത്ഥിക്കാന്‍ ഏതുമില്ല. ഭക്തനല്ലാത്ത യാത്രികന്‍. മതപരമായ ആത്മീയതയെ ഉപേക്ഷിച്ചവന്‍. അയാള്‍ ക്ഷേത്രങ്ങളെ കലാഗ്രന്ഥങ്ങളായിമാത്രം വായിക്കുന്നു. ചരിത്രപുസ്തകമാക്കുന്നു. മടക്കയാത്രയിലും മഴ തോരുന്നില്ല. രാത്രി വന്നു. രാത്രി പോയി. കിലോമീറ്ററുകള്‍ താണ്ടി ബസ്  ഓടികൊണ്ടിരുന്നു. യാത്ര നാളെ അവസാനിക്കും. ഒരു യാത്രയും യാത്രയല്ല.കാണാത്ത ദൂരങ്ങളെക്കുറിച്ചുള്ള ഓര്മ്മപ്പെടുത്തലാണ്.യാത്ര ചെയ്യുന്നു.ദൂരം കൂടുന്നു.ദൂരങ്ങള്‍ക്കപ്പുറത്തുനിന്നും ആകാശങ്ങളെ കൊത്തിയെടുത്ത് പറന്നു വരുന്ന ദേശാടനപ്പക്ഷികള്‍ . ഒരു യാത്രയില്‍ തുടങ്ങി മറ്റൊരു യാത്രയിലേക്ക് മോഹിപ്പിക്കുന്നവര്‍. പൊഴിച്ചിടുന്ന തൂവലുകകള്‍ കൊണ്ട് ഭൂമിയുടെ പുസ്തകത്തില്‍ അവര്‍ ഒപ്പുവെക്കുന്നു.

മഹാബലിപുരം ലക്ഷ്യമാക്കിയാണ് ബസ് പായുന്നത്. നേരം പുലരുമ്പോള്‍ മഹാബലിപുരത്തെത്തും . കടല്‍ത്തീരക്ഷേത്രങ്ങള്‍ മഴനനഞ്ഞു നില്‍ക്കുന്നുണ്ടാകും. ഇരുട്ടില്‍ ഓടിമറയുന്ന കെട്ടിടങ്ങള്‍ . വൃക്ഷങ്ങള്‍. യാത്ര പറഞ്ഞതെല്ലാം കൂടെ വരുന്നുണ്ട്. ഉപേക്ഷിച്ചിട്ടും ഉള്ളില്‍ കാവേരി ഒഴുകുന്നുണ്ട്.വീണ്ടും മഴ കനക്കുന്നു. ഓടുന്ന ബസില്‍ പ്രതിവിധികളില്ലാതെ ഒറ്റപ്പെടുന്നു. മഴത്തുള്ളികള്‍ ഒഴുകിയിറങ്ങി ബസിന്റെ ചില്ലുജാലകങ്ങള്‍ കീറിപ്പറിയുന്നു.

നഗരം,ക്യാന്‍വാസില്‍


 


The catalogue of forms is endless: until every shape has found its city, new cities will continue to born. When the forms exhaust their variety and come apart, the end of cities begins.
― Italo Calvino, Invisible Cities

                              (ഷിബുവിനും വാവയ്ക്കും നന്ദി)
 

'പാരീസ് തെരുവ്:മഴദിനം'  (Paris Street: Rainy Day ) എന്ന ചിത്രം വരച്ച ഗുസ്താവ് കെയ്ബോട്ട്  (Gustave Caillebotte )  .  മഹാനായ ചിത്രകാരന്‍  .  പാരീസ് നഗരത്തെക്കുറിച്ചെഴുതി:  'ഞാന്‍ അറിഞ്ഞ ഒരേഒരു നഗരം  . പല നിറങ്ങളുള്ള നഗരം  .  എല്ലാ നിറങ്ങളും ചേര്ത്തു വരച്ചാലും ക്യാന്‍വാസില്‍ അപൂര്‍ണ്ണമാകുന്ന നഗരം'  (Gustave Caillebotte : Edited by  Norma Broude)  ചെന്നൈ നഗരത്തില്‍ സഞ്ചരിക്കുമ്പോള്‍ കെയ്ബോട്ടിനെ ഓര്മ്മ വന്നു  .  ഒരു നഗരം  .  പല നിറങ്ങള്‍  .  സെന്റ് തോമസ് മൌണ്ടിനെ നീല നിറത്തിന്റെ ഏകാന്തത കൊണ്ട് വര്‍യ്ക്കാം  .  വണ്ടലൂരിനെ മഞ്ഞയിലും പച്ചയിലും മുക്കിയെടുക്കാം  . ടി.നഗറിനെ പിങ്ക് നിറത്തിന്റെ പകിട്ടുകൊണ്ട് തലങ്ങും വിലങ്ങും പകര്‍ത്താം  .  കൂവം പുഴയെ പോയകാലത്തിന്റെ ചാരനിറം കൊണ്ട് മൂടാം  .  എക്സ്പ്രെസ്സ് മാളിനെ ഗോള്‍ഡന്‍ ഷെയ്ഡുകളുടെ പളപളപ്പില്‍ ഒഴുക്കി വിടാം  .  പായുന്ന വാഹനങ്ങളുടെ ടയറുകളില്‍ ഒട്ടിപ്പിടിച്ചുകേറുന്ന മൌണ്ട് റോഡിനെ ബ്റൌണ് നിറത്തിലേക്ക് വലിച്ചഴിക്കാം  .  വേളാചേരിയെ ഊതനിറത്തില്‍ ഊതിപ്പറത്താം  . എഗ്മൂറിലെ ഇലക്ട്രിക് ട്റെയിനുകളെ പര്‍പ്പിള്‍ കൊണ്ടും പാളങ്ങളെ മജന്ത കൊണ്ടും പ്ളാറ്റ്ഫോമുകളെ  ഐവറി കൊണ്ടും പൂരിപ്പിക്കാം  .  പാണ്ടി ബസാറിനെ വയലറ്റില്‍ തുടങ്ങി റോസ് നിറത്തില്‍ അവസാനിപ്പിക്കാം  .  സെന്‍റല്‍ സ്റ്റേഷന് വെള്ളിച്ചായമടിക്കാം  .   മറീനയെ മുഷിഞ്ഞു മിനുങ്ങുന്ന മഴവില്‍നിറങ്ങളില്‍ പടര്‍ത്താം  .  കണ്ണിമേറാ ലൈബ്ററിയെ കാണാനിറങ്ങളില്‍ നിശബ്ദമാക്കാം  . പള്ളിക്കറ്ണ്ണിയെ കറുപ്പില്‍ കലക്കി ലോകം മുഴുവന്‍ തെറിപ്പിക്കാം .

പൊട്ടിച്ചിതറുന്ന നിറങ്ങളില്‍ വെട്ടിത്തിളങ്ങുന്ന നഗരം  .  വെട്ടിത്തിളങ്ങുന്ന നിറങ്ങളില്‍ പൊട്ടിത്തകരുന്ന നഗരം  .  വെട്ടിപ്പിടിക്കുന്ന നിറങ്ങളില്‍ നിറം കെട്ടു പിടയുന്ന നഗരം  .  മൂന്നു ക്യാന്‍വാസ്   .  മൂന്നു നഗരം  .  അപ്പോഴും ബാക്കി വരും  ,  നിറയുന്ന ഫ്ളയ്ഓവറുകളും പെരുകുന്ന തെരുവുകളും കൊണ്ടു വരച്ച കളങ്ങളില്‍  ,  പടരുന്ന പടുകൂറ്റന്‍ കെട്ടിടങ്ങള്‍ കരുക്കളാക്കി ചെസ്സു കളിക്കുന്ന ചെന്നൈ നഗരം.                 

നിശബ്ദം നേത്റാവതി




'' താങ്കള്‍  എവിടെ നിന്നു  വരുന്നു ? ''
സൂഫി കവയിത്രി  റാബിഅ ബസ്രിയോട്
ഒരിക്കല്‍ ഒരാള്‍  ചോദിച്ചു :
''മറുതീരത്തു നിന്ന് ''
റാബിഅ പറഞ്ഞു .
'' താങ്കള്‍ എവിടേക്കു പോകുന്നു? ''
''മറുതീരത്തേക്ക് ''
റാബിഅ പ്രതിവചിച്ചു.


തീവണ്ടിയില്‍ മംഗലാപുരത്തിറങ്ങി     .     ബസ്സു പിടിച്ചു   .    ഏകദേശം രണ്ടു മണിക്കൂറ്   .   ധര്‍മ്മസ്ഥലത്ത്തെത്ത്തി   .   സുഹൃത്ത്   ,   ശ്രീവരാഹം ആഗ്രഹാരത്തെരുവിലെ ത്റിവിക്റമ മല്യ   ,   നിത്യസഞ്ചാരി  ,   സൌജന്യ സത്റങ്ങളെക്കുറിച്ചു   പറഞ്ഞിരുന്നു   .   പല പേരുകളുള്ള  സത്റങ്ങള്‍  .   ഒന്നിന്റെ പേര്  ശരാവതി  .   അവിടെക്കയറി   .   കുളിച്ചു    .    കത്തുന്ന വിശപ്പ്‌   .   അന്നപൂര്‍ണയെന്ന ഊട്ടുപുര   .   എണ്ണമറ്റ  മനുഷ്യര്‍   .  പലജാതികള്‍    .   പല  മതസ്ഥര്‍   .  പലദൈവവിശ്വാസികള്‍    .   വിവധദേശക്കാര്‍   .   ടൂറിസ്റ്റുകള്‍   .  യാത്രികര്‍   .  യാചകര്‍  ....... അവരോടൊപ്പമിരുന്ന്  ഭക്ഷണം കഴിച്ചു .

കര്‍ണ്ണാടകയിലെ പടിഞ്ഞാറന്‍ കുന്നുകള്‍    .   താഴ്വര   .   താഴ്വരയില്‍  ധര്‍മ്മസ്ഥലം (ധര്‍മ്മസ്ഥല )    .    നൂറ്റാണ്ടുകള്‍ക്കു മുമ്പാണ്   .    ഈ മണ്ണില്‍  ധര്‍മ്മദേവതകള്‍  വന്നിറങ്ങി    .    ജൈന ദമ്പതികള്‍   .   കറകളഞ്ഞ ഭക്തിയുള്ളവര്‍   .    ബിര്മ്മണയും  അമ്മു ബല്ലാളത്തിയും   .   സ്വപ്നത്തില്‍   ധര്‍മ്മദേവതകള്‍   ധര്‍മ്മസന്ദേശം   അവര്‍ക്കു  കൈമാറി   .   അതൊരു  മിത്ത്   .   അഴകുള്ള മിത്ത്   .   മഞ്ചുനാഥേശ്വരക്ഷേത്രം  ആ മിത്തിന്റെ ആവിഷ്ക്കാരം .

ക്ഷേത്രത്തിന്റെ  ഒഴിഞ്ഞ കോണിലിരുന്നു  .   ഒന്നും പ്രാര്‍ഥിക്കാനില്ല   .   തനിച്ചു യാത്ര ചെയ്യുമ്പോള്‍  കൂടുതല്‍ തനിച്ചാവുന്നു  .   നിസ്സംഗനാവുന്നു   .    മൊബൈല്‍ഫോണ്‍  സ്വിച്ഓഫ് ചെയ്തു   .   അകലേയ്ക്കകലേയ്ക്ക്  യാത്ര ചെയ്യുംതോറും ആരുമില്ലാത്ത്വനാകും   .  തകര്‍ന്നു തരിപ്പണമാകും    .   ഒന്നിച്ചുകൂടി മറ്റൊരാളാവും    .    സമയക്രമം തെറ്റും   .   തിരിച്ചുപോക്കിനെക്കുറിച്ചുള്ള ആധികള്‍ ഒഴിഞ്ഞു പോകും .

സന്ധ്യയാവുന്നു    .   കാണുന്ന ആകാശത്തു നിന്നും കാണാത്ത ആകാശത്തേക്ക്  പക്ഷികള്‍ പറന്നു മറയുന്നു    .    കാണുന്ന ഭൂമിയിലെ കാറ്റ് കാണാത്ത ഭൂമിയിലും  വീശുന്നു    .    പടവുകള്‍  കയറിച്ചെന്നു   .   മുകളില്‍   ബാഹുബലിപ്രതിമ   .   നെടിയ വടിവ്   .   കണ്ടു നിന്നു  ,  ഏറെ നേരം   .   ബാഹുബലിയുടെ  സഹോദരന്‍   .   ഭരതന്‍   .  യുദ്ധം ചെയ്തു    .   കീഴടക്കി   .    എല്ലാം വെട്ടിപ്പിടിച്ചു   .   അധിക്കാരഭ്രാന്തില്‍  ബാഹുബലിക്കു  നേരെ ചെന്നു   .   ബാഹുബലി  യുദ്ധം ചെയ്തില്ല   .   സര്വസംഗപരിത്യാഗിയായി   .    ഉപേക്ഷിച്ചുപേക്ഷിച്ച്  ഉന്നതശീര്‍ഷനായി   .    ജ്ഞാനത്തിന്റെ  ദയാപരനായ ചക്രവര്‍ത്തിയായി   .   എല്ലാം ഉപേക്ഷിച്ചവന്റെ  പ്രതിമയ്ക്കു  മുന്നില്‍ ഒന്നും  ഉപേക്ഷിക്കാത്ത സഞ്ചാരി    .    അറിവില്ലാത്തവന്‍   .   ബുദ്ധപഥങ്ങളിലെ മോഹിപ്പിക്കുന്ന കാലൊച്ചകള്‍ അകന്നു മാഞ്ഞു  .   അകാരണ വിഷാദങ്ങള്‍ കൂടെ വന്നു   .  പടവുകള്‍ തിരിച്ചിറങ്ങി .

നേത്റാവതിയില്‍ മുങ്ങിക്കയറുമ്പോള്‍ വിഷാദങ്ങളെ നദിയെടുത്തു    .   നദീതീരത്തെ ഇടതിങ്ങിയ മരങ്ങള്‍    .    ഇലകള്‍   .   പൂക്കള്‍   .   പുല്ത്തുംബുകള്‍    .   ശലഭങ്ങള്‍   .   കരുണാമയം    .   പ്റിയംവദം   .   ദൂരെ  ,   നീലമലകളുടെ മൌനത്തിനു മീതേ മാറുന്ന മേഘങ്ങള്‍   .   രാത്രിയില്‍  യക്ഷഗാനം  കണ്ടു   .  ധര്മ്മസ്ഥലം  യക്ഷഗാനത്ത്തിന്റെ  നിലം   .   കാഴ്ചകള്‍  അവസാനിക്കുന്നില്ല   .    യാത്രകളും .

മേഘം പോലെ മുംബൈ




 “ No matter where you are, you're always a bit on your own, always an outsider.”
  - Banana Yoshimoto  


അയാള്‍ സഞ്ചരിക്കുന്നു   .   മുംബൈ നഗരം അയാളെ പലതാക്കുന്നു   .   പവായ്ലേക്കിനു സമീപം ഹീരാനന്ദിനി  ഷോപ്പിംഗ്‌ കോംപ്ളക്സില്‍ അയാള്‍ -----ഒരു ഫാന്റസി  .  എലിഫെന്റയിലേക്കുള്ള  ഫെറി ബോട്ടില്‍ ----- പ്റാചീനന്‍   .   ദാദാഭായ് നവറോജി റോഡിലൂടെ നടന്ന് വിക്ടോറിയാ  ടെര്‍മിനസ്സിലേക്കു കടക്കുമ്പോള്‍ -----പാളങ്ങള്‍ വലിച്ചുകൊണ്ടുപോകുന്ന രണ്ടുകാലുള്ള ബോഗി   .   അപ്പോളോ ബന്ദറിലെ ആകാശം മുട്ടുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ നോക്കിനില്‍ക്കുമ്പോള്‍ ----- ഒരു കോമാളി   .    അന്ധേരിയിലെ സമൃദ്ധിയിലൂടെ  അലയുമ്പോള്‍ ----- അപഹസിക്കപ്പെടുന്ന അശ്ളീലം    .    എം. ജി റോഡില്‍ നിന്നും  സി.ജെ. പബ്ളിക്ഹാളില് കയറി  'നാഷണല്‍ ഗ്യാലറി ഓഫ് മോഡേന്‍ ആര്‍ട്ടി ' ലെത്തുമ്പോള്‍ ----- ഒരൊഴിഞ്ഞ ക്യാന്വാസ്   .   ചൌപ്പാത്തിയിലെ തട്ടുകടയില്‍ നിന്നും ഭേല്‍പൂരി വാങ്ങിത്തിന്ന് , ലോകമാന്യതിലകന്റെ കൂറ്റന്‍ പ്രതിമയ്ക്കു ചുറ്റും കറങ്ങുമ്പോള്‍ ---- ചിതറിയ ചരിത്രപുസ്തകം  .   ബോറിവലിയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ , കന്ഹേരി കേവ്സില്‍ അമ്പത്താറാം ഗുഹയ്ക്കു മുന്നില്‍ ---- ബുദ്ധനിലേക്കുള്ള ദൂരം   .  മഹാലക്ഷ്മിയ്ക്കടുത്ത് , ധോബിഘട്ടില്‍ ----അടിച്ചുവെളുപ്പിച്ചിട്ടും  കറകള്‍മാറാത്ത ജനാധിപത്യം   .   ഗേറ്റ്‌ വേ ഓഫ് ഇന്‍ഡ്യയില്‍ -----ഗതികിട്ടാത്ത മാപ്പുസാക്ഷി   .    സാന്താക്റൂസിലെ 'ദി മെര്‍ലിന്‍ ' പബ്ബില്‍ ---ഒരു ലൂയിബുനുവല്‍  ഫ്രെയിം   .   ഹഗ്സ്റോഡിലൂടെപ്പായുന്ന , ഉറ്റസ്നേഹിതന്റെ ഉറക്കമില്ലാത്ത കാറില്‍ ----- ഉണര്‍ന്നിരിക്കുന്ന ഒരു പാതിരാനക്ഷത്രം   .     സഹറിലെ  ' ബോംബെ ഹൈ  ' ബാറില്‍ ------ പതഞ്ഞുയരുന്ന പാനപാത്രങ്ങളെ മീട്ടി ഐസ്ക്യൂബുകള്‍ പാടുന്ന പാട്ട്   . വീരനരിമാന്‍ തെരുവില്‍ പഴയബുക്കുകള്‍ക്കിടയില്‍ തിരയുമ്പോള്‍ ------ വഴിതെറ്റിയ കൊളംബസ്  .     ജുഹുവില്‍ , ബീച്ചിന്റെ മേളക്കൊഴുപ്പില്‍ , ആകാശം , മുകില്‍നിറങ്ങള്‍ കൊണ്ടും , ഭൂമി , പെണ്കുട്ടികളെക്കൊണ്ടും കുടമാറ്റം നടത്തുമ്പോള്‍ -----തീരാത്ത കൌമാരപൂരം  .    രാത്രിയില്‍ , കമലാനെഹ്‌റു പാര്‍ക്കില്‍ നിന്നും ദൂരത്ത്‌ ,വര്‍ണ്ണത്തിളക്കങ്ങളാല്‍ പളപളാവരച്ച മറൈന്‍ഡ്രൈവില്‍ ----- ഡോംലൈറ്റുകള്‍തോറും മിന്നിപ്പൊലിയുന്ന ഷഡ്പദം    .    ബോംബെ ജിംഖാനയ്ക്കെതിരില്‍ , നീണ്ടുപോകുന്ന 'ഫാഷന്‍സ്ട്രീറ്റില്‍ '------ ജോണ് ലെന്നനേയും ആന്‍ഡി ഗിബ്ബിനേയും  ഷക്കീറയേയും ജാനിസ് ജോപ്ളിനേയും ബോബ് മാര്‍ലിയെയും സ്മോകിറോബിന്സണേയും കേട്ട് പാറിപ്പോകുന്ന തലതിരിഞ്ഞ ചുടുകാറ്റ്   .   ഭക്തിപാര്കിലെ തീയറ്ററില്‍ ഐമാക്സ് സിനിമ കാണുമ്പോള്‍ ----- ഒരു അന്യ ഗ്രഹജീവി   .   നരിമാന്‍പോയിന്റില്‍ നിന്നുള്ള ഇരുനില ' നീലാംബരി ' ബസ്സില്‍ ,  മുകള്‍ തട്ടിലെ തുറന്ന ഡെക്കിലിരിക്കുംപോള്‍ ------തുമ്ബിച്ചിറകില്‍ തുള്ളുന്ന തുമ്ബം   .  മലബാര്‍ ഹില്സിന്റെ കിഴക്കന്‍ ചെരുവില്‍ , മാനംമുട്ടുന്ന ബബുല്‍നാഥക്ഷേത്രത്തിന്റെ പടികള്‍ കയറി ,കരിങ്കല്‍സ്തംഭങ്ങള്‍ താങ്ങി നിര്‍ത്തുന്ന മട്ടുപ്പാവിലണയുംപോള്‍ ------ ദൈവം മറന്ന ഒരോര്‍മ്മ   .   മാഹിം ദര്ഗ്ഗയോടു ചേര്‍ന്ന് , വഴിയരികില്‍ കൂടിയിരിക്കുന്ന അഗതികളെള്‍ക്കടന്നുപോകുമ്പോള്‍ ----- സൂഫിപ്പാതയിലെ പാമരന്‍   .  ബാന്ദ്രയിലെ സെയിന്റ് ആന്‍ഡ്രൂസ് പള്ളിയങ്കണത്തില്‍ ഒറ്റക്കിരിക്കുമ്പോള്‍ -----ക്രിസ്തുവിനെ കവിതയാക്കുന്ന നിശബ്ദത  .   കൊളാബയിലെ  ബിഗ്ടോം  ടോയിസ് ഷോപ്പില്‍ ------ കളഞ്ഞുപോയ  ഒരു കളിപ്പാട്ടം   .   ചര്ച്ച് ഗേറ്റില്‍നിന്നും തീവണ്ടിയില്‍ ദാദറിലിറങ്ങുംപോള്‍ ------ തിരക്കിന്റെതിരയില്‍ മുങ്ങുന്ന അജ്ഞാതമത്സ്യം   .  അഴുകുന്തോറും  അടിച്ചുപൊളിക്കുന്ന ധാരാവി  ,  വിപണിയുടെ സകലകലാകേന്ദ്രമായ ചോര്‍ബസാര്‍  ,   മാറ്റത്തിനും  മാറ്റമില്ലാത്ത ചുവന്നതെരുവുകള്‍  ,  ആരെ മില്‍ക്ക് കോളനിക്കും പവായിക്കുമിടയില്‍ കുടിലുകളുടെ പൊട്ടിപ്പൊളിഞ്ഞ കുന്നുകള്‍ ......അങ്ങനെയങ്ങനെനകണ്ടും കേട്ടും പോകുമ്പോള്‍  ----- ആര്‍ക്കും വേണ്ടാത്ത ചോദ്യ ചിഹ്നം .     

ഒരിക്കല്‍  അയാള്‍ മരിക്കും  .   മറ്റൊരിക്കല്‍  ,  മറ്റൊരാള്‍  വരും   .  സഞ്ചരിക്കും   .   മേഘം പോലെ മാറിമാറി മുംബൈ നഗരം അയാളെ പിന്തുടരും   .   പലതാക്കും  .     അംബരചുംബികള്‍ നിറഞ്ഞ അതിരുകളില്ലാത്ത കീബോഡില്‍ അമ്ബരപ്പിക്കുന്ന വിരലുകള്‍ വീഴും   .   സിംഫണി തുടരും .
_________________________________________________________________________________

( അരുണ്‍ ശേഖര്‍ ,സുശാന്തിക,  കൃഷ്ണരാജന്‍ നമ്പൂതിരി , ജോണ്‍സണ്‍ മാത്യു ,നീലിമ , മുഹമ്മദ്‌ ഫൈസല്‍ ,ഗോപാലേട്ടന്‍ , പ്രശാന്ത് മേനോന്‍ എന്നിവരെ ഓര്‍മ്മിക്കുന്നു. മുംബൈയിലെ സുഹൃത്ത്കള്‍ . ദൃശ്യമാധ്യമ രംഗത്തും ചലച്ചിത്രസാങ്കേതിക മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍.    യാത്രകളില്‍ കൂട്ടുവന്നവര്‍.)


ഹംപിയിലെ എപ്പിസോഡുകള്‍




Traveling is almost like talking with men of other centuries.
__________________________________Rene Descartes


ചിക്കമംഗലൂര്‍  -  ഷിമോഗ  -  കാര്‍ഗാല്‍  -  ഗരസപ്പ  -  തലഗുപ്പ  - ഹരപ്പനഹള്ളി  - ഹോസ്പറ്റ്  .   ഹോസ്പറ്റില്‍  നിന്നും പത്തുപതിനാലു  കിലോമീറ്റര്‍  .  ഹമ്പിയിലെത്താം.

ഇടയ്ക്ക്  ,  എപ്പോഴോ  കണ്ടിരുന്നു   ,   തുംഗഭദ്രയിലെ ജലസംഭരണി   .   ജലവിശാലതയില്‍ നിന്നും വീശിയകാറ്റില്‍ നേരിയ തണുപ്പ് കൂടെ വന്നു   ,  കുറച്ചു  ദൂരം  .

അതിനും മുന്പ്  ,  കടന്നു പോന്നിരുന്നു   ,  നാരകമരങ്ങള്‍  .  മുത്താറിക്കൂട്ടങ്ങള്‍   .  കരിമ്പിന്‍ തോട്ടങ്ങള്‍  .  നിലക്കടലച്ചെടികള്‍   .   കാപ്പിപ്പൂക്കള്‍   .   നീര്‍ച്ചാലുകള്‍   .    പക്ഷിച്ചിറകടികള്‍  .  കുന്നുകള്‍   .   താഴ്വരകള്‍  .  മഴമേഘങ്ങള്‍   .   മൂടല്‍മഞ്ഞ് .

പിന്നിട്ടുകഴിഞ്ഞും പിന്തുടരുന്നു   ,   കാല്‍വിരലുകളില്‍ മിഞ്ചിയിട്ട സ്ത്രീകള്‍   .   മൂക്കുത്തിയിട്ട  യുവതികള്‍   .   ജമന്തിപ്പൂ ചൂടിയ പെണ്‍കുട്ടികള്‍    .   കോണകമുടുത്ത ആണുങ്ങള്‍    .    ഒലിച്ചുവീണ മീശയുള്ള യുവാക്കള്‍   .   പേരും പെരുമയുമില്ലാത്തവര്   .   പൊടിയണിഞ്ഞവര്‍   .   ആകെ മുഷിഞ്ഞവര്‍  .  പാടേ പൊലിഞ്ഞു പോകുന്നവര്‍.

ഇപ്പോഴും  ഒപ്പം വരുന്നു  ,   ബേലൂരിലെ  ചെന്നകേശവക്ഷേത്രച്ചുമരുകളില്‍ നിന്നും ഇതിഹാസകഥാപാത്രങ്ങള്‍    .   കടുകെണ്ണമണമുള്ള കര്‍ണ്ണാടകത്തിന്റെ കറുത്ത കണ്ണുകള്‍   .    കരിംപച്ചക്കാടുകള്‍  .   കാതല്‍മേടുകള്‍  .

ഹോസ്പറ്റില്‍ നിന്നും ഓട്ടോയിലും ബസ്സിലും നേരിട്ട് ഹമ്പിയിലെത്താം   .   വേണ്ടെന്നു വെച്ചു .  ആളുകളെ വിളിച്ചു കയറ്റുന്ന വാടകവാന്‍   .    ഓടിക്കയറി   .   കമലാപുരത്ത്തിറങ്ങി   .   കമലാപുരത്തുനിന്നും ഒരു കിലോമീറ്റര്‍    .   നാട്ടുവഴി   .    ഊടുവഴി   .പതുക്കെപ്പോയി   .    ഒട്ടും തിരക്കില്ല   .   ഹംപിയിലെത്തി   .

നോക്കെത്താവിസ്തൃതി   .   തീരാത്ത ചരിത്രാവശിഷ്ടങ്ങള്‍   .   അലഞ്ഞു നടന്നു   .   നടക്കുമ്പോളോര്‍ത്തു    .   അകലെ മാഞ്ഞ അരങ്ങുകള്‍  .  പ്രധാന വേഷങ്ങളില്‍  വന്നുപോയവര്‍   .  കൃഷ്ണദേവരായര്‍ - രാമരായന്‍  - ജഗമോഹിനി - ബീജാപൂരിലെയും  ഗോല്‍ക്കൊണ്ടയിലെയും സുല്‍ത്താന്മാര്‍  .   അരങ്ങില്‍ അവര്‍ വന്നു നിന്നപ്പോള്‍  ആര്ത്തുവിളിച്ച പ്രജകള്‍  .  അവരുടെ കല്പനകള്‍ കേട്ടു കോരിത്തരിച്ച് കരഘോഷം മുഴക്കിയവര്‍   .   എന്നോ വീണ തിരശ്ശീല   .  ബാക്കിവന്ന ഹംപി     .  

കെട്ടുപോയ ക്ഷേത്രങ്ങള്‍   .   പട്ടാഭിരാമക്ഷേത്രം -  വിട്ടലക്ഷേത്രം - വിരൂപാക്ഷക്ഷേത്രം - ഹസാരാരാമക്ഷേത്രം  .    അനാഥമായ സ്മാരകശിലകള്‍   .    ഉപേക്ഷിക്കപ്പെട്ട ഗജശാലകള്‍   .   ഇടിഞ്ഞടിഞ്ഞുകിടക്കുന്ന കേളികേട്ട വിജയചിഹ്നങ്ങള്‍  .  ചിതറിത്തെറിച്ച വെട്ടിപ്പിടുത്തത്ത്തിന്റെ  ഓര്‍മ്മകള്‍   .   ഉടഞ്ഞുപൊടിഞ്ഞ ചോരപുരണ്ട എടുപ്പുകകള്‍  .  തകര്‍ന്നു വീണ പ്രതാപങ്ങള്‍   .   പൊട്ടിപ്പൊളിഞ്ഞ കൊട്ടാരക്കെട്ടുകള്‍   .    മേഞ്ഞുനടക്കുന്ന യാചകര്‍  .  വാനരന്മാര്‍  .   ആട്ടിന്‍കുട്ടികള്‍   .   നിശ്ശൂന്യമായ കല്കൂനകളുടെ മറവുകളില്‍ കഞ്ചാവു പുകയ്ക്കുന്നവര്‍     .    കാര്ന്നെടുക്കപ്പെട്ടതിനെ കാര്ന്നെടുക്കാന്‍ ഓടിക്കൂടുന്നവരെപ്പോലെ സഞ്ചാരികള്‍.

ഹംപിയിലെ തീരാനിമിഷങ്ങള്‍ തോരാതെ മന്ത്രിക്കുന്നു :   യുദ്ധം . അധികാരം .  ഭരണകൂടം  -  അശ്ളീലം  നിറഞ്ഞ ഒരേ എപ്പിക്കിലെ പല എപിസോഡുകള്‍   .   ഹംപിയിലെ ഓരോ നിശ്വാസവും നിശബ്ദം മൊഴിയുന്നു :   പ്രശസ്തി .  സമ്പത്ത്  .സ്ഥാനമാനങ്ങള്‍  - അര്‍ത്ഥമില്ലാത്ത പടവുകള്‍ . മടങ്ങുമ്പോള്‍  ,  തുംഗഭദ്രയിലെ ഒഴുകുന്നകാലം ഒരു കഥ പങ്കുവെച്ചു :  ഒരിക്കല്‍ ഒരു കോമാളി ഹംപിയിലെത്തി  .  അര്‍ത്ഥമില്ലായ്മകള്‍ക്ക്  അര്‍ത്ഥമുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ച ഒരാള്‍   .   ഹംപി കണ്ടെന്നു നിനച്ച് , ഹംപിയെക്കുറിച്ചെഴുതി അഹങ്കരിച്ച ഒരാള്‍   .  ഹേമകൂടാദ്രിയിലെ അതിരില്ലാത്ത നീലാകാശം  അയാളുടെ കാതില്‍ ആരും കേള്‍ക്കാതെ പറഞ്ഞു : ഹംപി കണ്ടവരെല്ലാം ഹംപി കാണുന്നില്ല.