Followers

Friday, November 2, 2012

മേഘം പോലെ മുംബൈ




 “ No matter where you are, you're always a bit on your own, always an outsider.”
  - Banana Yoshimoto  


അയാള്‍ സഞ്ചരിക്കുന്നു   .   മുംബൈ നഗരം അയാളെ പലതാക്കുന്നു   .   പവായ്ലേക്കിനു സമീപം ഹീരാനന്ദിനി  ഷോപ്പിംഗ്‌ കോംപ്ളക്സില്‍ അയാള്‍ -----ഒരു ഫാന്റസി  .  എലിഫെന്റയിലേക്കുള്ള  ഫെറി ബോട്ടില്‍ ----- പ്റാചീനന്‍   .   ദാദാഭായ് നവറോജി റോഡിലൂടെ നടന്ന് വിക്ടോറിയാ  ടെര്‍മിനസ്സിലേക്കു കടക്കുമ്പോള്‍ -----പാളങ്ങള്‍ വലിച്ചുകൊണ്ടുപോകുന്ന രണ്ടുകാലുള്ള ബോഗി   .   അപ്പോളോ ബന്ദറിലെ ആകാശം മുട്ടുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ നോക്കിനില്‍ക്കുമ്പോള്‍ ----- ഒരു കോമാളി   .    അന്ധേരിയിലെ സമൃദ്ധിയിലൂടെ  അലയുമ്പോള്‍ ----- അപഹസിക്കപ്പെടുന്ന അശ്ളീലം    .    എം. ജി റോഡില്‍ നിന്നും  സി.ജെ. പബ്ളിക്ഹാളില് കയറി  'നാഷണല്‍ ഗ്യാലറി ഓഫ് മോഡേന്‍ ആര്‍ട്ടി ' ലെത്തുമ്പോള്‍ ----- ഒരൊഴിഞ്ഞ ക്യാന്വാസ്   .   ചൌപ്പാത്തിയിലെ തട്ടുകടയില്‍ നിന്നും ഭേല്‍പൂരി വാങ്ങിത്തിന്ന് , ലോകമാന്യതിലകന്റെ കൂറ്റന്‍ പ്രതിമയ്ക്കു ചുറ്റും കറങ്ങുമ്പോള്‍ ---- ചിതറിയ ചരിത്രപുസ്തകം  .   ബോറിവലിയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ , കന്ഹേരി കേവ്സില്‍ അമ്പത്താറാം ഗുഹയ്ക്കു മുന്നില്‍ ---- ബുദ്ധനിലേക്കുള്ള ദൂരം   .  മഹാലക്ഷ്മിയ്ക്കടുത്ത് , ധോബിഘട്ടില്‍ ----അടിച്ചുവെളുപ്പിച്ചിട്ടും  കറകള്‍മാറാത്ത ജനാധിപത്യം   .   ഗേറ്റ്‌ വേ ഓഫ് ഇന്‍ഡ്യയില്‍ -----ഗതികിട്ടാത്ത മാപ്പുസാക്ഷി   .    സാന്താക്റൂസിലെ 'ദി മെര്‍ലിന്‍ ' പബ്ബില്‍ ---ഒരു ലൂയിബുനുവല്‍  ഫ്രെയിം   .   ഹഗ്സ്റോഡിലൂടെപ്പായുന്ന , ഉറ്റസ്നേഹിതന്റെ ഉറക്കമില്ലാത്ത കാറില്‍ ----- ഉണര്‍ന്നിരിക്കുന്ന ഒരു പാതിരാനക്ഷത്രം   .     സഹറിലെ  ' ബോംബെ ഹൈ  ' ബാറില്‍ ------ പതഞ്ഞുയരുന്ന പാനപാത്രങ്ങളെ മീട്ടി ഐസ്ക്യൂബുകള്‍ പാടുന്ന പാട്ട്   . വീരനരിമാന്‍ തെരുവില്‍ പഴയബുക്കുകള്‍ക്കിടയില്‍ തിരയുമ്പോള്‍ ------ വഴിതെറ്റിയ കൊളംബസ്  .     ജുഹുവില്‍ , ബീച്ചിന്റെ മേളക്കൊഴുപ്പില്‍ , ആകാശം , മുകില്‍നിറങ്ങള്‍ കൊണ്ടും , ഭൂമി , പെണ്കുട്ടികളെക്കൊണ്ടും കുടമാറ്റം നടത്തുമ്പോള്‍ -----തീരാത്ത കൌമാരപൂരം  .    രാത്രിയില്‍ , കമലാനെഹ്‌റു പാര്‍ക്കില്‍ നിന്നും ദൂരത്ത്‌ ,വര്‍ണ്ണത്തിളക്കങ്ങളാല്‍ പളപളാവരച്ച മറൈന്‍ഡ്രൈവില്‍ ----- ഡോംലൈറ്റുകള്‍തോറും മിന്നിപ്പൊലിയുന്ന ഷഡ്പദം    .    ബോംബെ ജിംഖാനയ്ക്കെതിരില്‍ , നീണ്ടുപോകുന്ന 'ഫാഷന്‍സ്ട്രീറ്റില്‍ '------ ജോണ് ലെന്നനേയും ആന്‍ഡി ഗിബ്ബിനേയും  ഷക്കീറയേയും ജാനിസ് ജോപ്ളിനേയും ബോബ് മാര്‍ലിയെയും സ്മോകിറോബിന്സണേയും കേട്ട് പാറിപ്പോകുന്ന തലതിരിഞ്ഞ ചുടുകാറ്റ്   .   ഭക്തിപാര്കിലെ തീയറ്ററില്‍ ഐമാക്സ് സിനിമ കാണുമ്പോള്‍ ----- ഒരു അന്യ ഗ്രഹജീവി   .   നരിമാന്‍പോയിന്റില്‍ നിന്നുള്ള ഇരുനില ' നീലാംബരി ' ബസ്സില്‍ ,  മുകള്‍ തട്ടിലെ തുറന്ന ഡെക്കിലിരിക്കുംപോള്‍ ------തുമ്ബിച്ചിറകില്‍ തുള്ളുന്ന തുമ്ബം   .  മലബാര്‍ ഹില്സിന്റെ കിഴക്കന്‍ ചെരുവില്‍ , മാനംമുട്ടുന്ന ബബുല്‍നാഥക്ഷേത്രത്തിന്റെ പടികള്‍ കയറി ,കരിങ്കല്‍സ്തംഭങ്ങള്‍ താങ്ങി നിര്‍ത്തുന്ന മട്ടുപ്പാവിലണയുംപോള്‍ ------ ദൈവം മറന്ന ഒരോര്‍മ്മ   .   മാഹിം ദര്ഗ്ഗയോടു ചേര്‍ന്ന് , വഴിയരികില്‍ കൂടിയിരിക്കുന്ന അഗതികളെള്‍ക്കടന്നുപോകുമ്പോള്‍ ----- സൂഫിപ്പാതയിലെ പാമരന്‍   .  ബാന്ദ്രയിലെ സെയിന്റ് ആന്‍ഡ്രൂസ് പള്ളിയങ്കണത്തില്‍ ഒറ്റക്കിരിക്കുമ്പോള്‍ -----ക്രിസ്തുവിനെ കവിതയാക്കുന്ന നിശബ്ദത  .   കൊളാബയിലെ  ബിഗ്ടോം  ടോയിസ് ഷോപ്പില്‍ ------ കളഞ്ഞുപോയ  ഒരു കളിപ്പാട്ടം   .   ചര്ച്ച് ഗേറ്റില്‍നിന്നും തീവണ്ടിയില്‍ ദാദറിലിറങ്ങുംപോള്‍ ------ തിരക്കിന്റെതിരയില്‍ മുങ്ങുന്ന അജ്ഞാതമത്സ്യം   .  അഴുകുന്തോറും  അടിച്ചുപൊളിക്കുന്ന ധാരാവി  ,  വിപണിയുടെ സകലകലാകേന്ദ്രമായ ചോര്‍ബസാര്‍  ,   മാറ്റത്തിനും  മാറ്റമില്ലാത്ത ചുവന്നതെരുവുകള്‍  ,  ആരെ മില്‍ക്ക് കോളനിക്കും പവായിക്കുമിടയില്‍ കുടിലുകളുടെ പൊട്ടിപ്പൊളിഞ്ഞ കുന്നുകള്‍ ......അങ്ങനെയങ്ങനെനകണ്ടും കേട്ടും പോകുമ്പോള്‍  ----- ആര്‍ക്കും വേണ്ടാത്ത ചോദ്യ ചിഹ്നം .     

ഒരിക്കല്‍  അയാള്‍ മരിക്കും  .   മറ്റൊരിക്കല്‍  ,  മറ്റൊരാള്‍  വരും   .  സഞ്ചരിക്കും   .   മേഘം പോലെ മാറിമാറി മുംബൈ നഗരം അയാളെ പിന്തുടരും   .   പലതാക്കും  .     അംബരചുംബികള്‍ നിറഞ്ഞ അതിരുകളില്ലാത്ത കീബോഡില്‍ അമ്ബരപ്പിക്കുന്ന വിരലുകള്‍ വീഴും   .   സിംഫണി തുടരും .
_________________________________________________________________________________

( അരുണ്‍ ശേഖര്‍ ,സുശാന്തിക,  കൃഷ്ണരാജന്‍ നമ്പൂതിരി , ജോണ്‍സണ്‍ മാത്യു ,നീലിമ , മുഹമ്മദ്‌ ഫൈസല്‍ ,ഗോപാലേട്ടന്‍ , പ്രശാന്ത് മേനോന്‍ എന്നിവരെ ഓര്‍മ്മിക്കുന്നു. മുംബൈയിലെ സുഹൃത്ത്കള്‍ . ദൃശ്യമാധ്യമ രംഗത്തും ചലച്ചിത്രസാങ്കേതിക മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍.    യാത്രകളില്‍ കൂട്ടുവന്നവര്‍.)


1 comment:

  1. ഈ കുറിപ്പ് വായിക്കുവാന്‍ ഇനിയും പലതവണ വരും.

    ReplyDelete